കടങ്ങോട് പഞ്ചായത്ത് ഭരണ സമിതി യോഗത്തിലേക്ക് ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറി സംഘർഷം സൃഷ്ടിച്ചു. പ്രസിഡന്റ് ഉൾപ്പടെയുള്ള മെമ്പർമാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. വെള്ളറക്കാട് – തിപ്പലശ്ശേരി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പരാതി പറയാൻ എത്തിയവരാണ് പഞ്ചായത്ത് യോഗത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
സംഭവത്തിൽ ഭരണസമിതിയിലെ എൽ.ഡി.എഫ് മെമ്പർമാർ പ്രതിഷേധിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് കോൺഗ്രസ് പ്രവർത്തകർ കടന്നു കയറി സംഘർഷമുണ്ടാക്കിയത്. തകർന്ന് കിടക്കുന്ന വെള്ളറക്കാട് – തിപ്പലശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ 50 ഓളം പേരടങ്ങുന്ന കോൺഗ്രസ് പ്രവർത്തകരാണ് യോഗം നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറി സംഘർഷം സൃഷ്ടിച്ചത്.
പ്രസിഡൻ്റും ഭരണസമിതി അംഗങ്ങളുമായി രൂക്ഷമായ വാക്കേറ്റം നടത്തിയ ഇവർ റൈറ്റിംഗ് പേഡ് എടുത്ത് വലിച്ചെറിഞ്ഞു. ഏറ് കൊണ്ട് വനിത മെമ്പറുടെ നെറ്റിയിൽ നേരിയ മുറിവ് പറ്റിയിട്ടുണ്ട്. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി എരുമപ്പെട്ടി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
ഹാളിലേക്ക് തള്ളിക്കയറി മെമ്പർമാരെ കയ്യേറ്റം ചെയ്യാനും ഇവർ ശ്രമം നടത്തി. അക്രമം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. എം നൗഷാദ് പറഞ്ഞു. വെള്ളറക്കാട് നിർമാണത്തിനായി എ.സി മൊയ്തീൻ എം.എൽ.എയുടെ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നാലു കോടി രൂപ അനുവദിച്ചിട്ടുണ്ട്. പണി ഏറ്റെടുത്ത കരാറുകാരൻ പത്ത് ശതമാനം ഫണ്ട് കൂടുതൽ ലഭിക്കുന്നതിന് വേണ്ടി ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. നിലവിലെ സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
റോഡ് താൽക്കാലികമായി സഞ്ചാരയോഗ്യമാക്കാൻ ക്വാറി വേസ്റ്റ് അടിച്ച് കുഴികൾ നികത്തുവാനും മണ്ണ് നീക്കം ചെയ്യുവാനും ഭരണസമിതി യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനിടയിലാണ് കോൺഗ്രസ് പ്രവർത്തകർ കടന്നു കയറി ഗുണ്ടായിസം കാണിച്ചതെന്ന് പ്രസിഡൻ്റ് അഡ്വ. കെ.എം നൗഷാദ് പറഞ്ഞു.