തൃശ്ശൂർ ജില്ലയിലെ വെങ്ങിണിശ്ശേരി സ്വദേശിനിയും കാഞ്ഞിരത്താനത്ത് വീട്ടിൽ താമസിക്കുന്നതുമായ ഡോ. ആവണിക്ക് സെൻട്രൽ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ലഭിച്ചു. മാനസികാരോഗ്യ പരിചരണ രംഗത്തും സാമൂഹിക സേവന മേഖലയിലും നടത്തിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്.
ഉത്തരപ്രദേശിലെ പ്രമുഖ നഴ്സിംഗ് കോളേജിൽ വർഷങ്ങളായി പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുന്ന ഡോ. ആവണി, മെന്റൽ ഹെൽത്ത് നഴ്സിംഗ് മേഖലയിലെ വിദഗ്ധയാണ്. വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിനൊപ്പം, മാനസികാരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ, കൗൺസിലിംഗ് ക്യാമ്പുകൾ, പരിശീലന ശിബിരങ്ങൾ എന്നിവയിലൂടെ സമൂഹത്തിന് വിലപ്പെട്ട സേവനങ്ങൾ നൽകി വരികയാണ്.
ജൂൺ 12-ന് തിരുവനന്തപുരം ബി.എസ്.എസ് ആസ്ഥാന മന്ദിരത്തിൽ നടന്ന ദേശീയ പുരസ്കാര വിതരണ ചടങ്ങിൽ ദേശീയ ചെയർമാൻ ഡോ.ബി.എസ്. ബാലചന്ദ്രനിൽ നിന്ന് ഡോ.ആവണി പുരസ്കാരം ഏറ്റുവാങ്ങി.
മാനസികാരോഗ്യ പരിചരണ രംഗത്തെ ദീർഘകാല സേവനങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലെ സമർപ്പിത പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് ഈ ദേശീയ പുരസ്കാരം വിലയിരുത്തപ്പെടുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകൾക്ക് പ്രചോദനമായി മാറിയിരിക്കുന്ന ഡോ. ആവണിയുടെ ഈ നേട്ടം നാടിന് അഭിമാനകരമാണ്.