തൃശൂർ അതിരൂപതയിൽ ഈശോയുടെ തിരുഹൃദയത്തിൻ്റെ നാമത്തിൽ സ്ഥാപിതമായ പ്രഥമ ദൈവാലയമായ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയുടെ 130-ാമത് തിരുഹൃദയ പ്രതിഷ്ഠ ഊട്ട് തിരുനാൾ ജൂൺ 12 ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹിന്ദി, തെലുങ്ക്, സുറിയാനി ഭാഷകളിലും, മലങ്കര റീത്ത്, സിറോ മലബാർ റീത്ത്, ലത്തീൻ റീത്ത് എന്നിവയിൽ വിശുദ്ധ കുർബാനകൾ നടക്കും. തിരുനാൾ ദിനത്തിൽ സുറിയാനി കത്തോലിക്ക സഭയുടെ തനതായ ഉന്നത ആരാധന സുറിയാനി ഭാഷയിലും നടക്കും. രാവിലെ ആറിന് ഫാ. ജോഷി ആളൂരിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന ലദീഞ്ഞ്, നൊവേന തുടർന്ന് നേർച്ച ഊട്ട് വെഞ്ചരിപ്പ് എന്നിവ നടക്കും.
രാവിലെ ഏഴ് മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെ നടക്കുന്ന നേർച്ച ഊട്ടിൽ
ഇരുപതിനായിരം പേർക്ക് ഭക്ഷണം ഒരുക്കും . രാവിലെ എട്ടിന് ഫാ. സാൻ്റിയോ എലവുത്തിങ്കലിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. 10 ന് സുറിയാനിയിൽ നടക്കുന്ന പരിശുദ്ധ റാസ കുർബാനയ്ക്ക് സിറോ മലബാർ സഭ എക്യുമിനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടക്കും. തുടർന്ന് ജൂൺ 14, 21 തിയ്യതികളിൽ 130 പേരുടെ രക്തദാനം നടക്കും. 28 ന് അത്താണി പോപ്പ് പോൾ മേഴ്സി ഹോമിലെ അന്തേവാസികൾക്കൊപ്പം ഇടവകാംഗങ്ങൾ ദിവസം ചെലവഴിക്കും.
ജൂൺ 30 വൈകീട്ട് ഏഴിന് തിരുഹൃദയ വണക്കമാസം കാലം കൂടൽ എന്നിങ്ങനെ വിവിധ പരിപാടികൾ തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് നടക്കും.
എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ വികാരി ഫാ. ജോഷി ആളൂർ, അസി. വികാരി ഫാ. സാൻ്റിയോ എലവുത്തിങ്കൽ, ജനറൽ കൺവീനർ കെ.സി. ഡേവീസ്,
കെ.എ രാജു പബ്ലിസിറ്റി കമ്മറ്റി കൺവീനർ, മാത്യൂസ് എം. രാജൻ
കൈക്കാരൻമാരായ എം.കെ ജോഷി, ജോയ് ആൻ്റണി, കെ.എ ബേബി , പബ്ലിസിറ്റി ജോ. കൺവീനർമാരായ അലക്സ് ജോണി ഷൈജു തൈക്കാടൻ എന്നിവർ പങ്കെടുത്തു.