ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽ നിന്നും ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ സ്വദേശി 51 വയസ്സുള്ള സജികുമാർ ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. കാലിത്തീറ്റയ്ക്കായുള്ള തവിട് ചാക്കുകൾ ഗുഡ്‌സ്ട്രെയിനിൽ നിന്ന് തൊഴിലാളികൾ ഇറക്കി ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം.
മഴ പെയ്തതോടെ ചാക്കുകൾ നനയാതിരിക്കാൻ ലോറിക്കു മുകളിൽക്കയറി ടാർപ്പായ ഇടാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വൈദ്യുതി ലൈനിൽ തട്ടിയാണ് സജി കുമാറിന് ഷോക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ സജികുമാർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.