പന്നിത്തടം സെന്ററിൽ വീണ്ടും അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കുപറ്റി. സെന്ററിലെ സിഗ്നൽ ലൈറ്റ് സംവിധാനവും പൂർണ്ണമായും തകർന്നു.
ഇന്ന് പുലർച്ചെ 6.15 നാണ് അപകടം ഉണ്ടായത്. അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡിൽ സഞ്ചരിച്ചിരുന്ന കാറുകളാണ് കൂട്ടിയിടിച്ചത്.
തൊടുപുഴ ഉടുമന്നൂര് സ്വദേശികളായ 65 വയസുള്ള സാബു,63 വയസുള്ള ശോഭ എന്നിവർക്കാണ് പരിക്ക് പറ്റിയത്.പരിക്കേറ്റവരെ പന്നിത്തടം യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി
സെന്ററിലെ സിഗ്നൽ ലൈറ്റ് സംവിധാനം പൂർണമായും തകർന്നു.
അക്കികാവ് – കേച്ചേരി ബൈപ്പാസ് റോഡും പാലക്കാട്- ഗുരുവായൂർ സംസ്ഥാനപാത കൂടിയായ കുന്നംകുളം – വടക്കാഞ്ചേരി റോഡും സംഗമിക്കുന്ന സെന്ററാണ് പന്നിത്തടം.
.ബൈപ്പാസ് റോഡ് നവീകരണത്തിന് ശേഷം പന്നിത്തടം സെന്ററിൽ അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ തുടർച്ചയായി സെന്ററിൽ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞദിവസം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കാർ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയിരുന്നു. സിഗ്നലുകൾ മുഴുവൻ സമയവും പ്രവർത്തിക്കാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി 11 മണിക്ക് ഓഫാകുന്ന സിഗ്നൽ ലൈറ്റുകൾ രാവിലെ 7 മണി മുതലാണ് പ്രവർത്തിക്കുന്നത്. ഈ സമയത്താണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്.
സിഗ്നൽ ലൈറ്റുകൾ മുഴുവൻ സമയമാക്കണമെന്നും റോഡിലെ നാല് വശങ്ങളിലും ബ്രൈക്കറുകളും മിനി ഹമ്പുകളും സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാരും വിവിധ സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ഇത് നടപ്പിലാക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.