Skip to content

പ്രതിഷേധം അവഗണിച്ചും മയിലാടിക്കുന്നിൽ മണ്ണെടുപ്പ് ,യൂത്ത് കോൺഗ്രസും പ്രദേശവാസികളും തടഞ്ഞു

newshighlight24

വേലൂർ തയ്യൂരിലെ മയിലാടിക്കുന്നിൽ ജനങ്ങളുടെ പ്രതിഷേധം അവഗണിച്ച് വീണ്ടും മണ്ണെടുപ്പ്. യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികൾ മണ്ണെടുപ്പ് തടഞ്ഞു.വേലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട പ്രദേശത്താണ് മയിലാടിക്കുന്ന് സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്ന കുന്നത്ത് പുരയ്ക്കൽ നഗറിൽ 40 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

പ്രദേശത്ത് കഴിഞ്ഞ പ്രളയകാലത്ത് വലിയതോതിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഉരുൾപ്പൊട്ടൽ ഭീഷണിയെ തുടർന്ന് പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് മണ്ണൊലിപ്പ് തടയുന്നതിനായി 45 ലക്ഷം രൂപ ചിലഴിച്ച് സംരക്ഷണ ഭിത്തികൾ നിർമ്മിച്ചിരുന്നു.എന്നാൽ ഇത്തരം കാര്യങ്ങൾ പരിഗണിക്കാതെ മണ്ണെടുപ്പ് നടത്താൻ പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട്.വീട് നിർമ്മാണത്തിന് വേണ്ടിയാണ് മണ്ണെടുപ്പെന്നും പഞ്ചായത്ത് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മണ്ണെടുപ്പിന് അനുമതി നൽകിയതെന്നും സെക്രട്ടറി പറയുന്നു.എന്നാൽ 940 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കുവാൻ ആവശ്യമായ മണ്ണെടുപ്പിനാണ്
അനുമതി നൽകിയിട്ടുള്ളത്.

നിലവിൽ ഇത് പൂർത്തിയാക്കിയതിനാൽ അനുമതിയുടെ കാലാവധി കഴിഞ്ഞെന്നും വീണ്ടും മണ്ണെടുക്കേണ്ട സാഹചര്യമില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നത്. സ്ഥലം ഉടമയ്ക്ക് പകരം മണ്ണെടുക്കുന്നവരുടെ പക്കലാണ് അനുമതി നൽകിയതിൻ്റെ രേഖയുള്ളത്.ഇത്തരം കാര്യങ്ങൾ ദുരൂഹതയ്ക്ക് ഇടയാക്കുന്നുണ്ടെന്നും വീട് നിർമ്മാണത്തിൻ്റെ പേരിൽ മണ്ണ് കടത്തുവാനാണ് ശ്രമമെന്നും നാട്ടുകാരും യൂത്ത് കോൺഗ്രസും ആരോപിക്കുന്നു.

എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി ഇരു കൂട്ടരോടും ചർച്ചയ്ക്കായി സ്റ്റേഷനിൽ എത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെക്കുവാനും നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് വേലൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി പി.എച്ച് അൻസാർ, വൈസ് പ്രസിഡൻറ് എ.അഭിലാഷ്, കെ.എ അജീഷ്, സി.എസ് ശരത്, നിഖിൽ കണ്ണൻ, ശ്യാംകുമാർ ഉദയൻ എന്നിവർ മണ്ണെടുപ്പ് തടയുന്നതിന് നേതൃത്വം നൽകി.

Spread the News
error: Content is protected !!