പ്രശസ്ത ഗാന രചയിതാവ് മാങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആദ്യ ചലച്ചിത്രം വിമോചനസമരം. 1975ൽ “ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ…” എന്ന ഗാനം ഉൾപ്പെടെ ആറു ഗാനങ്ങളുള്ള ഹരിഹരൻ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു. തുടർന്ന് ബാബുമോൻ എന്ന ചിത്രം പുറത്തുവന്നു. ഹരിഹരൻ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്.
അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ്. വിശ്വനാഥൻ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. ബാഹുബലി സിനിമയിലെ മുകിൽ വർണ മുകുന്ദ ഗാനം ഉൾപ്പെടെ 200 ചിത്രങ്ങളിലായി 700 ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.