Skip to content

സഹോദരന്മാർ ഷോക്കേറ്റ് മരിച്ച സംഭവം, പ്രതിയെ അറസ്റ്റ് ചെയ്തു, തെളിവെടുപ്പിനിടയിൽ പ്രതിക്ക് നേരെ ജനരോഷമുയർന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു

newshighlight24

വരവൂർ പിലക്കാട് കാട്ടുപന്നിയെ പിടികൂടുവാൻ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് സഹോദരന്മാർ മരിച്ച സംഭവത്തിൽ കേസിലെ പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പിലക്കാട് എടത്തിക്കര വീട്ടിൽ 52 വയസുള്ള സന്തോഷിനെയാണ് ഇൻസ്പെക്ർ ലൈജുമോൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനിടയിൽ പ്രതിക്ക് നേരെ പ്രതിഷേധമുയർന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സഹോദരന്മാരായ കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ രവീന്ദ്രൻ, സഹോദരൻ അരവിന്ദാക്ഷൻ എന്നിവരെ പാടശേഖരത്തിൽ ഷോക്കേറ്റ് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പാടശേഖരത്തിൽ പന്നിയെ പിടികൂടുവാൻ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പന്നിവേട്ടയ്ക്ക് വൈദുതി കമ്പി സ്ഥാപിച്ചത് പ്രദേശവാസിയായ സന്തോഷാണെന്ന് പോലീസ് കണ്ടെത്തിയത്.പെരുമ്പാവൂർ സ്വദേശിയായ സന്തോഷ് പിലക്കാട് വന്ന് താമസമാക്കിയതാണ്. മരിച്ചവരുടെ ബന്ധുവായ മണിയെന്ന് വിളിക്കുന്ന കൃഷ്ണൻകുട്ടിയുടെ സ്ഥലത്താണ് ഉടമയറിയാതെ ഇയാൾ വൈദ്യുതി കെണിയൊരുക്കി പന്നികളെ വേട്ടയാടിയിരുന്നത്.പാടശേഖരത്തിന് സമീപമുള്ള വൈദ്യുതി ലൈനിൽ നിന്നാണ് ഇയാൾ ഇതിനായി വൈദ്യുതി എടുത്തിരുന്നത്. വൈദ്യുതി കമ്പികൾ സ്ഥാപിച്ചതറിയാതെ രാത്രിയിൽ മീൻ പിടിക്കുവാൻ ഇറങ്ങിയപ്പോഴാണ് സഹോദരൻമാർക്ക് ദാരുണാന്ത്യം സംഭവിച്ചത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.തെളിവെടുപ്പിന് സംഭവ സ്ഥലത്തെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധമുയർന്നത് നേരിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

Spread the News
error: Content is protected !!