മാനസികാരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും സമഗ്ര സംഭാവനകൾക്കുമായി ആവണി എൻ.ആർ. ന് ഡേസ്പ്രിംഗ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് പുരസ്കാരം ലഭിച്ചു. സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ മാർച്ച് 28-ന് മധുരയിലെ പ്രസിഡണ്ട് ഹാളിൽ നടന്ന ഭംഗിയാർന്ന കോൺവെക്കേഷൻ ചടങ്ങിൽ വെച്ചാണ് ഈ ഉന്നത ബഹുമതി സമ്മാനിച്ചത്.
യൂണിവേഴ്സിറ്റിയുടെ ഇന്ത്യൻ ചാൻസലർ ഡോ. ആമോസ് ജെയിംസിൽ നിന്നാണ് ആവണി ഡോക്ടറേറ്റ് ഏറ്റുവാങ്ങിയത്.
നിലവിൽ ഉത്തരപ്രദേശിലെ ക്രിസ്ത്യൻ ഹോസ്പിറ്റൽ നഴ്സിംഗ് സ്കൂളിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു വരുന്ന ആവണി, മാനസികാരോഗ്യ പരിചരണ രംഗത്ത് ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ്.
കൂടാതെ ആന്റി കറപ്ഷൻ ഫൗണ്ടേഷന്റെ ഓൾ ഇന്ത്യ സെക്രട്ടറിയായും അവർ പ്രവർത്തിക്കുന്നു.
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മാനസികാരോഗ്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ആവണി, കൗൺസിലിംഗ് സൈക്കോളജിയിലും മാനസികാരോഗ്യ സേവനങ്ങളിലും ശ്രദ്ധേയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. സമൂഹത്തിൽ മാനസികാരോഗ്യ അവബോധം വ്യാപിപ്പിക്കുന്നതിനായി വിവിധ ബോധവൽക്കരണ പരിപാടികൾ, കൗൺസിലിംഗ് ക്യാമ്പുകൾ, പരിശീലന ശിബിരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിലും അവർ സജീവമാണ്.
മാനസികാരോഗ്യ മേഖലയിലെ അവരുടെ സമഗ്ര സംഭാവനകളും അക്കാദമിക് മികവും സാമൂഹിക ഇടപെടലുകളും പരിഗണിച്ചാണ് ഈ അന്താരാഷ്ട്ര അംഗീകാരം അവരെ തേടിയെത്തിയത്.
ഞാറ്റുവേട്ടി വീട്ടിൽ രഘു നന്ദനന്റെയും ഉദയകുമാരിയുടെയും മകളാണ് ആവണി.
ഭർത്താവ് പ്രിൻസ് വിൻസെന്റ്.
മാനസികാരോഗ്യ രംഗത്തെ തന്റെ പ്രവർത്തനങ്ങൾക്കും അക്കാദമിക് മികവിനും ലഭിച്ച ഈ ബഹുമതി ഭാവിയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്ന് ആവണി പ്രതികരിച്ചു.