കുന്നംകുളം പഴഞ്ഞി അരുവായിയിൽ കൂട്ട ആത്മഹത്യ ശ്രമം. അച്ഛനും മകളും മരിച്ചു. അമ്മയും മകളും ആശുപത്രിയിൽ. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. എം.ഡി കോളജിന് സമീപം താമസിക്കുന്ന മടിക്ക നായ്ക്കൽ വീട്ടിൽ സിബി (51), മകൾ അലീന (19) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന (42) തൃശൂർ മെഡിക്കൽ കോളജിലും മകൻ ആദിത്യൻ (18) തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തതെന്നാണ് വിവരം.
സിബി വിഷം കഴിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു. അലീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. ബീന കൈ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു. മകൻ ആദിത്യനാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്.
സിബി വിദേശത്തുനിന്നും ഞായറാഴ്ച രാവിലെയാണ് എത്തിയത്. സിബിയുടെ ഗൾഫിലെ ജോലി പോയതും ഇത് സംബന്ധിച്ച മനോവിഷമവും സാമ്പത്തിക ബാധ്യതയുമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജീവിതം അവസാനിപ്പിക്കുകയാണെന്ന് എഴുതിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാലുപേരും വിഷം കഴിച്ചിരുന്നു.
അലീന നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു. മകൻ ആദിത്യനെ തിങ്കളാഴ്ച ബി.ടെക് കോഴ്സിന് ചേർക്കാനിരിക്കുകയായിരുന്നു. അക്കിക്കാവ് സ്വദേശികളായ ഇവർ 10 വർഷം മുമ്പാണ് പഴഞ്ഞിയിൽ പുതിയ വീട് നിർമിച്ച് താമസമാക്കിയത്.