എരുമപ്പെട്ടി: റോഡ് വികസനത്തിൻ്റെ ഭാഗമായി അക്കിക്കാവ് -കേച്ചേരി ബൈപ്പാസ് റോഡിൽ പന്നിത്തടം സെൻ്ററിലുള്ള ആൽമരം മുറിക്കുന്നതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിൻ്റെ നേതൃത്വത്തിൽ ഭജന നടത്തി. റോഡ് നിർമാണം നടത്തുന്ന കിഫ് ബി അധികൃതർ ആൽമരം മുറിക്കാൻ എത്തിയപ്പോഴാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. മരം മുറിക്കുന്നത് തടഞ്ഞ പ്രവർത്തകർ ആൽമരത്തിന് സമീപം ഭജന നടത്തുകയായിരുന്നു. ഹനുമാൻ സ്വാമിയെ പ്രതിഷ്ഠിച്ച ആൽമരമാണെന്നും മുറിക്കാൻ അനുവദിക്കില്ലായെന്നും നേതാക്കൾ അറിയിച്ചു. വലിയ രീതിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പന്നിത്തടം സെൻ്ററിൽ ആൽമരം മുറിച്ചു നീക്കിയാലാണ് റോഡ് വികസിപ്പിക്കാൻ കഴിയുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്. ഇതിൻറെ അടിസ്ഥാനത്തിൽ വിവിധ സംഘടനകളും രാഷ്ട്രീയ നേതൃത്വവുമായി പഞ്ചായത്തും പൊതുമരാമത്ത് അധികൃതരും കിഫ്ബി അധികൃതരും ചർച്ച നടത്തിയിരുന്നു. ദിവസങ്ങൾക്കു മുമ്പ് നടന്ന ചർച്ചയിൽ പ്രതിഷ്ഠ മാറ്റി സ്ഥാപിക്കാൻ സമയം ആവശ്യപ്പെട്ടിരുന്നു.
നൽകിയ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കിഫ്ബി അധികൃതർ ഇന്ന് വൈകിട്ട് ആൽമരം മുറിക്കാൻ എത്തിയത്. പ്രതിഷ്ഠ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയം വേണമെന്ന് നേതാക്കൾ വക്കീലുമായെത്തി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന നിലപാട് അധികൃതർ അറിയിച്ചതോടെയാണ് പ്രതിഷേധവുമായി ആൽമരത്തിന് സമീപം ഭജന ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെയാണ് ആൽമരം മുറിക്കാനെത്തിയതെന്നും ആൽമരം സംരക്ഷിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറിയിച്ചു.
newshighlight24
- Related News
- Latest News