വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എരുമപ്പെട്ടി സ്വദേശിനി
മൈമൂന സിയക്ക് എം.എ യൂസഫലിയുടെ സാഹായ ഹസ്തം. ഭീമമായ ചികിത്സ ചിലവിൽ കഴിയുന്ന യുവതിക്ക് അഞ്ച് ലക്ഷം രൂപയാണ് യൂസഫ് അലി നൽകിയത്.
അപകടത്തിൽ മൈമൂന സിയയുടെ ഭർത്താവ് മുഹമ്മദ് ഹാഷിം മരിച്ചിരുന്നു.
കഴിഞ്ഞ ജൂൺ 17 നാണ് അപകടമുണ്ടായത്. മുഹമ്മ ഹാഷിമും മൈമൂന സിയയും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്ന് അമിത വേഗത്തിൽ വന്നിരുന്ന കാർ നിയന്ത്രണം വിട്ട് ദിശമാറി പാഞ്ഞ് കയറി ഇടിക്കുകയായിരുന്നു.
ഹാഷിം ചികിത്സയിലിരിക്കെ പിറ്റേ ദിവസം മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിയയുടെ ഒരു കാൽ മുറിച്ച് മാറ്റേണ്ടിവന്നു. ഇടുപ്പെല്ലും കൈകാലുകളുടെ എല്ലുകളും പല ഭാഗങ്ങളിലും പൊട്ടി. ഒരുപാട് തവണ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയക്കേണ്ടിവന്നു.
28 ലക്ഷം രൂപയിൽ അധികം ഇതുവരെ ചികിത്സയ്ക്കായി വേണ്ടിവന്നു. ബന്ധുക്കളുടെയും കുടുംബവുമായി അടുപ്പമുള്ള വരുടേയും സഹായത്താലാണ് ചികിത്സ നടത്തിവന്നിരുന്നത്.
തുടർ ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥ വന്നപ്പോൾ ചികിത്സയ്ക്ക് കൂടെ നിന്നിരുന്ന മാധ്യമപ്രവർത്തകനും ബന്ധുവുമായ കബീർ കടങ്ങോടാണ് എം.എ.യൂസഫലിയെ വിവരമറിയിച്ചത്. തുടർന്നാണ് യൂസഫലി അഞ്ച് ലക്ഷം രൂപ സഹായമായി നൽകിയത്. ഇത് കുടുംബത്തിന് വലിയ ആശ്വാസമായി മാറി.