എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം, കടങ്ങോട് മനപ്പടി, തെക്കുമുറി എന്നിവിടങ്ങളിലും എരുമപ്പെട്ടി തിപ്പല്ലൂരിലും ആറ് വയസുകാരൻ ഉൾപ്പടെ ഏഴ് പേർക്ക് കടിയേറ്റു.
എരുമപ്പെട്ടി തിപ്പല്ലൂർ തച്ചാട്ടിരി മനോജിൻ്റെ മകൾ അധിരിത (13), കാണിപ്പയ്യൂർ സ്വദേശി അമ്പലത്തിങ്കൽ ബാബുരാജിൻ്റെ മകൻ ആദി ദേവ് (6), കടങ്ങോട് മണ്ടംപറമ്പ് ചുള്ളി വളപ്പിൽ ബാലൻ, മനപ്പടി പൂവ്വത്തിങ്കൽ അനിലൻ, തെക്കുമുറി സ്വദേശികളായ പി.ടി സുരേന്ദ്രൻ, ചന്ദ്രൻ നായർ, സുവർണ എന്നിവർക്കാണ് കടിയേറ്റത്.
ഇന്ന് രാവിലെ കടങ്ങോട് പഞ്ചായത്തിൽ നിന്നാണ് നായയുടെ ആക്രമണം ആരംഭിച്ചത്. കുട്ടികളായ അധിരിതയ്ക്കും ആദി ദേവിനും വീടിൻ്റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായയുടെ കടിയേറ്റത്. മറ്റുള്ളവർക്ക് റോഡരുകിൽ വെച്ചുമാണ് കടിയേറ്റത്. പരിക്കേറ്റ ഏഴ് പേരേയും അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിൽ തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ ഭയത്തോടെയാണ് കഴിയുന്നതെന്നും പഞ്ചായത്തംഗം കെ.ഗോവിന്ദൻ കുട്ടി പറഞ്ഞു. രണ്ട് മാസം മുൻപ് വെള്ളറക്കാട് കൊല്ലൻ പടിയിൽ വയോധിക കാർത്ത്യായനിയെ പേവിഷബാധയുള്ള തെരുവ് നായകടിച്ച് കൊന്നിരുന്നു.