വടക്കാഞ്ചേരി ഒന്നാം കല്ല് ഉദയനഗറിൽ മുള്ളൻപന്നിയെ കൊന്ന് ഇറച്ചിയാക്കാൻ ശ്രമിച്ച മൂന്നുപേരെ ഫോറസ്റ്റ് സംഘം അറസ്റ്റ് ചെയ്തു. കുമരനെല്ലൂർ കവളയിൽ ഗിരീഷ് (48), ഒ.പി. മോഹനൻ (65), ചിറ്റണ്ട മണി (70) എന്നിവരെയാണ് പിടികൂടിയത്.
വടക്കാഞ്ചേരി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പുഴയോരത്തുവെച്ച് സംഘം കുടുങ്ങിയത്. എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ഏകദേശം എട്ട് കിലോ തൂക്കം വരുന്ന മുള്ളൻപന്നിയെയാണ് ഇവർ വേട്ടയാടിയത്.
പത്തോളം വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, സംഭവസ്ഥലം സന്ദർശിച്ച നാട്ടുകാരനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.