കുന്നംകുളത്ത് മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതി പിടിയിൽ. ആർത്താറ്റ് നാടഞ്ചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു(55) വാണ് മരിച്ചത്. മുതുവറ സ്വദേശി കണ്ണനെ ചീരംകുളത്തു നിന്ന് നാട്ടുകാരാണ് പിടികൂടിയത്. സിന്ധുവിന്റെ സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു. ഇന്ന് രാത്രി 8 മണിയോടെ ഇവരെ ആർത്താറ്റുള്ള വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
മരിച്ച സിന്ധുവിന്റെ ഭർത്താവ് മണികണ്ഠൻ വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ സമയത്താണ് സംഭവം നടന്നിട്ടുള്ളത്. ഇതേസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ. ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.
വെട്ടേറ്റ് കഴുത്ത് അറുത്തു മാറ്റിയ നിലയിലാണ്. ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.