കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ എരുമപ്പെട്ടി കുണ്ടന്നൂർ ചുങ്കത്ത് വൻ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 80 കിലോയോളം കഞ്ചാവ് വടക്കാഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി.
സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടുപേർ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.ധർമ്മപുരി സ്വദേശികളായ പൂവരശ് , മണി , ദിവിത്ത് എന്നിവരാണ് പിടിയിലായത്.
കുണ്ടൂർ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അർദ്ധരാത്രിയോടെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ് പിടികൂടാനായത്. 42 ഓളം പൊതികളിലായി ടേപ്പ് ചുറ്റി ഒട്ടിച്ച നിലയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. ബൈക്കുകളിൽ തമിഴ്നാട്ടിൽ എത്തിച്ച കഞ്ചാവ് അവിടെ നിന്നും ചരക്ക് വാഹനങ്ങളിൽ കേരളത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. എ.ടി.എം കവർച്ചാ മാതൃകയിൽ കഞ്ചാവ് കടത്തിന് പിന്നിലും വൻ റാക്കറ്റ് ഉണ്ടെനാണ് പൊലീസ് സംശയിക്കുന്നത്.
കമ്മീഷണർ ഇളങ്കോ ആർ ഐപിഎസ്,കുന്നംകുളം എസിപി സി.ആർ.സന്തോഷ്,വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റിജിൻ എം തോമസ് എന്നിവരുടെ നിർദേശിനുസരണം നടത്തിയ പരിശോധനയിൽ എസ്.ഐമാരായ ടി.സി അനുരാജ്, പി.വി പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. എസ് ഐ. വിജേഷ്, സി.പി ഒ മാരായ അരുൺ, ബാബു, ഡാൻ സാഫ് ടീം അംഗങ്ങൾ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.