ചേലക്കര നിയോജക മണ്ഡലത്തിൽ നിർമ്മാണം നടക്കുന്ന തിച്ചൂർ – ഇട്ടോണം റോഡിന്റേയും തിച്ചൂർ തളി റോഡിന്റേയും നിർമ്മാണ പുരോഗതി വിലയിരുത്തുവാൻ യു.ആർ.പ്രദീപ് എം.എൽ.എ സന്ദർശനം നടത്തി.
എരുമപ്പെട്ടി – നെല്ലുവായ് പട്ടാമ്പി റോഡിൽ കുന്നംകുളം നിയോജക മണ്ഡലത്തിൽപ്പെടുന്ന നെല്ലുവായ് മുതൽ തിച്ചൂർ വരെയുളള റോഡ് ബി.എം, ബി.സി
നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായിട്ടാണ് ചേലക്കര നിയോജകമണ്ഡലത്തിലെ വരവൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന തിച്ചൂർ – ഇട്ടോണം റോഡ് മൂന്നു കിലോമീറ്റർ ദൂരത്തിൽ ബി.എം,ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി മൂന്നുകോടി 48 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം നടത്തുന്നത്.
അഞ്ചു കോടി രൂപ ചെലവഴിച്ചാണ് തിച്ചൂർ മുതൽ തളി വരെ നാലു കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമ്മിക്കുന്നത്. രണ്ട് റോഡുകളിലും കൾവർട്ടുകളും കോൺക്രീറ്റ് കാനയും ഐറിഷ് വർക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തളി റോഡിൽ 11 മീറ്റർ നീളവും എട്ടര മീറ്റർ വീതിയുമുളള പാലവും നിർമ്മിക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുകയാണ്.
ചേലക്കര നിയോജകമണ്ഡലത്തിൽ 92 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം,ബി.സി നിലവാരത്തിലാക്കിയിട്ടുണ്ടെന്നും . ബാക്കിവരുന്ന റോഡുകൾ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി നിർമ്മാണം മൂടാൻ പൂർത്തീകരിക്കുമെന്നും. തിരുവില്ലാമല-ദേശമംഗലം റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എംഎൽഎ യു ആർ പ്രദീപ് അറിയിച്ചു.