വ്യാജ രേഖകൾ നൽകി അനർഹമായി ബി.പി.എൽ മുൻഗണന റേഷൻകാർഡ് കൈവശപ്പെടുത്തി റേഷൻ സാധനങ്ങൾ കൈപ്പറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് പിഴ ശിക്ഷാ നടപടി നേരിട്ട കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കടങ്ങോട് ഗ്രാപഞ്ചായത്ത് പ്രസിഡൻ്റായ മീനഭായ് സാജനും കൂടുംബത്തിനും അർഹതയില്ലാത്ത മുൻഗണനാ സബ്സിഡി ബി.പി.എൽ കാർഡ് കൈവശം വെച്ച് അനർഹമായി റേഷൻ സാധനങ്ങൾ കൈപറ്റുന്നതായി താലൂക്ക് തല സപ്ലെ സ്കോഡ് കണ്ടെത്തിയിരുന്നു.
തുടർന്ന് 2021 ജൂലൈ 15 ന് മുൻപ് കാർഡ് സപ്ലെെ ഓഫീസിൽ ഹാജരാക്കി പിഴ ശിക്ഷയിൽ നിന്ന് ഒഴിക്കുന്നതിന് മാധ്യമങ്ങൾ മുഖേന പല തവണ നിർദേശം നൽകിയിരുന്നെങ്കിലും മീനഭായ് സാജൻ ഇതിന് തയ്യാറായില്ല. ഇതിനെ തുടർന്നാണ് ഒന്നാം ഗഡുവായ 2022 ജനുവരിമാസം മുതൽ കൈപറ്റിയിട്ടുള്ള സാധനങ്ങളുടെ തുകയായ 3658 രൂപ പിഴയായി അടയ്ക്കുവാൻ കുന്നംകുളം താലൂക്ക് സപ്ലെ ഓഫീസർ നോട്ടീസ് നൽകിയത്.
പിഴ തുക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ഭരണഘടന പദവിയിൽ ഇരുന്ന് സർക്കാരിനെ കബളിപ്പിച്ച് കുറ്റ കൃത്യം ചെയ്ത് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മീന സാജൻ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്.
പഞ്ചായത്തിലെ അർഹരായ നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങൾ ബി.പി.എൽ കാർഡ് ലഭിക്കാതെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് കഴിയുന്ന സാഹചര്യത്തിലാണ് ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി മീനാ സാജൻ നിയമവിരുദ്ധ പ്രവർത്തനം നടത്തിയതെന്നും ഇവരെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവരെ മുൻനിർത്തി യു.ഡി.എഫ് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി വി.കെ രഘു സ്വാമി, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സജീവ് ചാത്തനാത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷറഫു പന്നിത്തടം, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ആർ.എച്ച് മനാഫ്, സി.എം.പി ഏരിയ ജോ. സെക്രട്ടറി കെ.സി ഹംസ എന്നിവർ പങ്കെടുത്തു.