മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ മഴപെയ്താൽ വെള്ളക്കെട്ട്, കളിവഞ്ചിയിറക്കി പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിപക്ഷ മെമ്പർമാർ .
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 95 ലക്ഷം രൂപ എം.എൽ.എ ഫണ്ടും ഒരു കോടി 80 ലക്ഷം രൂപ പഞ്ചായത്തിൻ്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തിടുക്കപ്പെട്ടാണ് മന്ത്രി ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടത്തിയത്. എന്നാൽ മഴ പെയ്തു തുടങ്ങിയപ്പോൾ പഞ്ചായത്ത് ഓഫീസിനകത്ത് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. ചോർന്നൊലിച്ച് വെള്ളം കെട്ടി നിൽക്കുകയാണെന്നന്നും പ്രധാനപ്പെട്ട ഫയലുകളും, ഫർണീച്ചറുകളും, ഉപകരണങ്ങളും നശിച്ചുപോകുകയാണെന്നും കോൺഗ്രസ് മെമ്പർമാർ ആരോപിച്ചു.
ഇത് മൂലം ഷോർട്ട് സർക്യൂട്ട് സംഭവിക്കാനുള്ള സാധ്യത നിലനില്ക്കുന്നുണ്ടെന്നും മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്ത് ലാലും, കുന്നംകുളം എം.എൽ.എ എ.സി മൊയ്തീനും ചേർന്ന് നടത്തിയ അഴിമതി തുറന്ന് കാട്ടുന്നതാണ് ഇതെന്നും മെമ്പർമാർ പറഞ്ഞു.
പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കേണ്ട അസി.എഞ്ചിനീയറുടെ ഓഫീസ്, തൊഴിലുറപ്പ് ഓഫീസ്, വി.ഇ.ഒമാരുടെ ഓഫീസ് എന്നിവ ഇപ്പോഴും പഴയ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. അതേ സമയം പഞ്ചായത്ത് പ്രസിഡൻ്റിൻ്റിനും വൈസ് പ്രസിഡൻ്റ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ തുടങ്ങിയവർക്ക് എ.സി അടക്കമുള്ള സൗകര്യവും ഇവർട്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
എന്നാൽ കറൻറ് പോയാൽ പഞ്ചായത്ത് ഓഫീസിനുള്ളിൽ പ്രവർത്തിക്കാനുള്ള യാതൊരു സംവിധാനവും ഇല്ല.മഴ പെയ്താൽ ചോർച്ചയും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയുമാണുള്ളത്. വെള്ളം പുറത്തേക്കൊഴുക്കുന്നതിനുള്ള സംവിധാനവുമില്ലെന്നും കോൺഗ്രസ് മെമ്പർമാർ കുറ്റപ്പെടുത്തി.അശാസ്ത്രീയ രീതിയിലുള്ള നിർമ്മാണമാണ് മുൻ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി നടത്തിയതെന്നാരോപിച്ച് കോൺഗ്രസ് മെമ്പർമാർ ഓഫീസിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ കളിവഞ്ചിയിറക്കി പ്രതിഷേധിച്ചു.
തുടർന്ന് പഞ്ചായത്ത് സെക്രടറിയും കോൺഗ്രസ് മെമ്പർമാരും, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡൻ്റും കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ വെള്ളക്കെട്ടിന് ഇന്ന് തന്നെ പരിഹാരം കാണാനുള്ള നടപടിയുണ്ടാകുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. കോൺഗ്രസ് പാർലിമെൻ്ററി പാർട്ടി ലീഡർ എൻ.കെ കബീർ, മെമ്പർമാരായ മീന ശലമോൻ, എം.വി വിജീഷ്, എം.ആർ സജിത, ആനി, ഷാജി വർഗീസ് എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.