Skip to content

പന്നിത്തടം സെൻ്ററിൽ വൻ അപകടം; ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്.

newshighlight24

കേച്ചേരി അക്കിക്കാവ് ബൈപ്പാസ് റോഡിലെ പന്നിത്തടം സെൻ്ററിൽ വീണ്ടും വൻ അപകടം. കെ.എസ്.ആർ.ടി.സി ബസ്സും മത്സ്യം കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയും അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡും സംഗമിക്കുന്ന പന്നിത്തടം സെൻ്ററിൽ വീണ്ടും അപകടമുണ്ടായത്.

കെ.എസ്.ആർ.ടി.സി ബസ്സിലെ ഡ്രൈവർമാരായ രാജേഷ്, കണ്ടക്ടർ ഷൈജു അബ്രഹാം, ലോറി ഡ്രൈവർ രാധാകൃഷ്ണൻ, ബസ് യാത്രക്കാരായ സജീവ്, സതീഷ്, എൽസൺ, ഷമീർ, ഷീന, ലിജി, ഷിജിൻ, എന്നിവർക്കാണ് പരിക്കേറ്റത്.

കോഴിക്കോട് നിന്നും തൃശൂർ വഴി കുമളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്‌.
കുന്നംകുളത്ത് നിന്ന് മത്സ്യം കയറ്റി ചെറുതുരുത്തിയിലേക്ക് പോകുകയായിരുന്നു ലോറി.

അക്കിക്കാവ് ഭാഗത്തുനിന്ന് വന്ന് പന്നിത്തടം സെൻ്ററിലേക്ക് പ്രവേശിച്ച ബസ്സിൽ കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ലോറി ഇടിക്കുകയായിരുന്നു. ബസിൻ്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്താണ് ലോറി ഇടിച്ചത്. ഡ്രൈവർ ബസിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണു.

ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട് വടക്കാഞ്ചേരി ഭാഗത്തേയ്ക്ക് നീങ്ങിയ ബസും ലോറിയും റോഡരുകിലെ കടകളുടെ മുൻവശത്ത് ഇടിച്ച് നിന്നു.രണ്ട് വാഹനങ്ങളുടേയും മുൻവശം പൂർണ്ണമായും തകർന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ, കടങ്ങോട് പഞ്ചായത്ത് ആംബുലൻസ് പ്രവർത്തകർ, കുന്നംകുളം ട്രാഫിക്ക് ആംബുലൻ പ്രവർത്തകർ, സി.എച്ച്.സെൻ്റർ ആംബുലൻസ് പ്രവർത്തകർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എരുമപ്പെട്ടിയിൽ നിന്നും കുന്നംകുളത്ത് നിന്നും പോലീസും എത്തിയിരുന്നു.

പരിക്കേറ്റവരെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സാരമായി പരുക്കേറ്റ രണ്ട് യാത്രക്കാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ബസ്സിലെ മറ്റു യാത്രക്കാരെ പുലർച്ചെ 4 മണിയോടെ കെ.എസ്.ആർ.ടി.സി ഗുരുവായൂർ ഡിപ്പോയിൽ നിന്ന് ബസ് എത്തിച്ച് കൊണ്ട് പോയി.

പന്നിത്തടം സ്വദേശി ഷാഹിദിൻ്റെ കടകൾക്കാണ് വാഹനങ്ങൾ ഇടിച്ച് കയറി കേടുപാടുകൾ സംഭവിച്ചത്. ബൈപ്പാസ് റോഡ് നിർമ്മാണം കഴിഞ്ഞതിന് ശേഷം എട്ടാമത്തെ അപകടമാണ് പന്നിത്തടം സെൻ്ററിൽ നടക്കുന്നത്.

Spread the News
error: Content is protected !!